Saturday, September 22, 2012

ആഴങ്ങളില്‍ നിന്നാഴങ്ങളിലേക്ക്കിനാവ് നെയ്ത സ്വര്‍ണ നൂലിഴകളിലോന്നില്‍  
താത ശാപത്തിന്‍  അഗ്നി വീണ്‌രുകിയോ
നിലാവിന്റെ കുളിരും മാഞ്ഞു  
ഈ നിഴല്ക്കൂട്ടില്‍ ഞാന്‍ ഏകയായി..
 ഇന്നലെ കണ്ടൊരു സുന്ദര സ്വപ്നത്തിന്‍ 
ഒടുവില്‍ പുലര്ച്ചയെന്നത് ശാപമായി എത്തിയോ..
കമ്പളം വിരിചോരീ ദുഃഖമൌനവും വിരുന്നു വന്നുവോ..!!
മഴക്കാടുകള്‍ എരിയുന്നു 
കാറ്റിന്‍ മര്മ്മരത്തില്‍ മരണം മണക്കുന്നു.
അകലെയായി ഞാന്‍ കണ്ട സ്വപ്നവും..
ആഴങ്ങളില്‍ നിന്നാഴങ്ങളിലേക്ക് 
മടങ്ങട്ടെ ഞാനും..!!

Friday, September 21, 2012

ഓര്‍മ്മകള്‍

തനിച്ചിവിടിരിക്കട്ടെ  ഞാനോരിത്തിരി നേരം.
ഓര്‍മ്മകള്‍ പെയ്യുന്നോരീ ആല്‍ചുവട്ടില്‍ 
പുഴ പോലെ ഒഴുകുന്ന സങ്കടങ്ങളെ നോക്കി 
 നെടുവീര്‍പ്പെട്ടോട്ടെ ഒരുമാത്ര ഞാന്‍
കാലമേ മാപ്പ് 
തടയുവാനയില്ല എനിക്ക്  ..
തടയുവാന്‍ ആളല്ല ഞാന്‍ 

മാപ്പ് നീ നല്ക കാലമേ എനിക്ക് 
നഷ്ട പത്രങ്ങളുടെ തീരക്കയങ്ങളില്‍ 
ദിശയില്ലാതെ മുങ്ങി ഞാന്‍ അലഞ്ഞു തീര്‍ക്കട്ടെ ഈ ജന്മം 
ചിരികളും , നന്മയും നിലാവും 
എനിക്കൊര്‍മ്മകള്‍ മാത്രമായി 
താളുകള്‍ മറിയുന്ന പുസ്തകളിലൊന്നില്‍ 
മാനം കാണാതെ സൂക്ഷിച്ച മയില്‍‌പ്പീലി 
പിശറന്‍  കാറ്റ്  പറത്തിക്കൊണ്ടു പോയി 
നഷ്ട സ്വപ്നങ്ങളുടെ ഉണങ്ങിയ വേരില്‍ നോക്കി 
 നഷ്ട വസന്തത്തിന്റെ കദനവും പേറി...!!

Sunday, September 2, 2012

A survivor

I am a survivor,
i been always the same
in the mom's  woomb, with a tumor that smashed my head
 in the incubator, fight for the oxygen through the hood valve
from the snuggling arms of death n tears several times.
the sigh of relief each time i felt , still
i can feel its warmth
I used to be a survivor in the schools
in all my exams
fitted myself for the job , that thousand others wish for,
another survival , though it took a while to happen.
Parted from the ones i whom  cared n loved
Still, i survived..!!
I know i will survive
till the end..may be after that.
thats what i wish for.
I will say, see through my eyes
never be unhappy for what you lost
either you don't deserve it or the lost thing don't deserve to be with you
make yourself a survivor
n you will Survive..!!

Monday, September 19, 2011

ജനലാക്കപ്പുറത്തെ പ്രേതം..

മംഗലാപുരത്തു ഞാന്‍ ജോലി ചെയ്തിരുന്ന കോളേജില്‍ , താമസ സൌകര്യവും നല്‍കിയിട്ടുണ്ടായിരുന്നു..അവിടെ നടന്ന ഒരു സാഹസിക കഥ വിവരിക്കട്ടെ..
 4 നില കെട്ടിടത്തിന്റെ ജനാലകള്‍ എല്ലാം അഴിയില്ലാതെ ഗ്ലാസ്‌ നിര്‍മ്മിതമാണ്. ..ജനല് തുറന്നു പുറത്തിറങ്ങിയാല്‍ ഒരാള്‍ക്ക് നടക്കാന്‍ പാകത്തില്‍ സന്‍ഷേയിട് പോലെ വാര്‍ത്തിട്ടുമുണ്ട്..കോളേജു ബില്‍ഡിംഗ്‌ന്റെ പണി നടക്കുന്ന കാലഘട്ടം ആകയാല്‍ ഹോസ്റ്റലിന്റെ മുകളിലത്തെ നിലയുടെ ഒരു ഭാഗം അനാട്ടമി , ബയോകെമിസ്ട്രി, ന്യുട്രീഷന്‍ ലാബുകള്‍ക്കായി മാറ്റി വച്ചിട്ടുണ്ട് കൂടാതെ ഒരു വലിയ ഹാളും...അത് കഴിഞ്ഞു താമസിക്കാനുള്ള റൂമുകളാണ് ബാക്കി..അതില്‍ .  ഒട്ടു മിക്ക റൂമുകളും കാലിയാണ്..സംഭവം നടക്കുന്ന കാലത്ത് എന്റെ റൂമില്‍ എന്നെ കൂടാതെ 2 മണിപ്പൂരി പെണ്‍കുട്ടികള്‍ കൂടെ താമസിക്കുന്നുണ്ട്.

ആ കാലത്ത് ഇഷ്ടം പോലെ സമയം വെറുതെ കിട്ടും എന്നതിനാല്‍ കുറച്ചു സാമൂഹിക പ്രവര്‍ത്തനങ്ങള്‍  ഒക്കെ ഉണ്ടായിരുന്നു..അതില്‍ ഒന്നായിരുന്നു ഇരുപത്തിയഞ്ചു നോമ്പ് കാലത്ത് അനുഷ്ട്ടിക്കേണ്ട നല്ല പ്രവര്‍ത്തികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കല്‍...ഇരുപത്തിയഞ്ചു കാര്യങ്ങള്‍ ഇരുപത്തിയഞ്ചു ദിവസം ..ഇതൊരു വലിയ ചാര്‍ട്ടില്‍ മനോഹരമായി എഴുതി , കുറച്ചു കളര്‍ഫുള്‍ ഔട്ട്‌ലൈന്‍ ഒക്കെ കൊടുത്ത് ഭംഗിയാക്കി ചെയ്യുക എന്നാ മഹാ കര്‍ത്തവ്യം ആണ് ആ വെള്ളിയാഴ്ച എന്നെ ഉറക്കം കളഞ്ഞു ഇരിക്കാന്‍ പ്രേരിപ്പിച്ചത്..എന്റെ കൂടെ കമ്പനിക്ക് അവസാന വര്‍ഷത്തിലെ രണ്ടു മൂന്ന് പെണ്‍പിള്ളാരും ഉണ്ടായിരുന്നു..റൂമില്‍ ഇരുന്നു മറ്റുള്ളവര്‍ക്ക് ശല്ല്യം ആകണ്ട എന്ന് കരുതി കോമണ്‍ റൂമില്‍ ഇരുന്നാണ് പരിപാടി തുടങ്ങിയത്..അപോഴെക്കും നശിച്ച വാര്‍ഡന്‍ വന്നു ലൈറ്റ് ഓഫ്‌ ചെയ്യാന്‍ പറഞ്ഞു ..പതിനൊന്നു മണി കഴിഞ്ഞു ലൈറ്റ് കത്തിയാല്‍ അവരടെ കുടുംബത്തില്‍ നിന്ന് കൊണ്ട് വന്നു വേണം കരണ്ടു ബില്ലടക്കാന്‍ എന്ന ഭാവം പെണ്ണുംമ്പിള്ളക്ക് ..ഞങ്ങള്‍ ആരാ മക്കള്‍ ..യെസ് ഒക്കെ പറഞ്ഞു പയ്യെ അനാട്ടമി ലാബിലേക്ക് കുടിയേറി ..
അത് ഏറ്റവും അറ്റത്തായിട്ടാണ് ..അവിടെ ലൈറ്റ് ഇട്ടാല്‍ ഈ പുള്ളിക്കാരിക്ക് കാണാന്‍ പറ്റില്ല..എഴുത്തും വരയും, വര്‍ത്തമാനവും ഒക്കെയായി മണി ഒന്നായി രാത്രി..അപോഴെക്കും കുട്ടികള്‍ ഉറങ്ങി വീഴും എന്നായി..അവരെ പറഞ്ഞു ഉറങ്ങാന്‍ വിട്ടു ഞാന്‍ ഒറ്റക്കിരുന്നു ചെയ്യാന്‍ തുടങ്ങി..ഏകദേശം  രണ്ടരയായപ്പോള്‍ പണി തീര്‍ന്നു..പുറത്തിറങ്ങാന്‍ അനാട്ടമി , ബയോകെമിസ്ട്രി, ന്യുട്രീഷന്‍ ലാബുകള്‍ കടന്നു ഹാളില്‍ വന്നെത്തിയപ്പോള്‍ ,ഹാളിന്റെ  വാതില്‍,  അതാരോ പുറത്തുനിന്ന് കുറ്റി ഇട്ടിരിക്കുന്നു. ..അവിടെ കിടന്നു വിളിച്ചിട്ടും കാര്യം ഇല്ല..അതിന്റെ എഴയലത്തെങ്ങും ആളില്ല..
തിരിച്ചു അനാട്ടാമി ലാബില്‍ തന്നെ പോയിരുന്നു....പേടി പോലെ എന്തൊകെയോ തോന്നും പോലെ..ഒരു വഴീം ഇല്ലല്ലോ എന്ന് വിചാരിച്ചു നോക്കുമ്പോള്‍ കണ്ണാടി കൂട്ടില്‍ പല്ലിളിച്ചു ഒരു ചേട്ടന്‍..സാക്ഷാല്‍ സ്കെലിട്ടന്‍ ....ഇപോ ആകെ ഒരു ടെന്‍ഷന്‍,വീര്‍പ്പുമുട്ടല്‍ പോലെ..ഫോര്‍മാലിന്റെ മണം ഒക്കെ അടിച്ചു തലകറങ്ങുന്നുണ്ടോ  എന്നും സംശയം..ഇത്തിരി ശുദ്ധ വായു കിട്ടാന്‍ ജനല് തുറന്നപോഴാണ് നടന്നു പോകാന്‍ പറ്റിയ രീതിയില്‍ സണ്‍ഷേയിട് മുന്നില്‍  ..വേറെ വഴിയൊന്നും ഇല്ലാത്തോണ്ട് ജനാല വഴി വെറുതെ ചാടിയിറങ്ങി. രാത്രി രണ്ടരക്ക് നാലാം നിലയുടെ ജനാലകളുടെ അരികിലൂടെ ഒരു രൂപം അങ്ങിനെ നീങ്ങി നീങ്ങി പോയി..ചെന്ന് സ്വന്തം റൂമിന്റെ ജനാല വാതില്‍ക്കല്‍ എത്തി...രണ്ടും പൂക്കുറ്റി ഉറക്കം തന്നെ.. ജനാല അടച്ചിരിക്കുന്നോണ്ട് വിളിച്ചാല്‍ കേള്‍ക്കില്ല..ജനലില്‍ തട്ടുക തന്നെ ശരണം..രണ്ടു മൂന്ന് തട്ടിയതും ഒരു അലര്‍ച്ച കേട്ടതും ഒരുമിച്ചു..ഞാന്‍ പോലും പേടിച്ചു പോയിട്ടോ..ജനാലക്കല്‍ നിന്ന് ആ ആഘാതത്തില്‍ പുറകിലോട്ടോന്നും വീഴാഞ്ഞത് ഭാഗ്യം.
എന്തായാലും അവളുമാര് പേടിച്ചു എന്ന് കണ്ടതും ഞാന്‍ വലിഞ്ഞു..തിരിഞ്ഞു നടക്കുമ്പോള്‍ കാലു ചെറുതായി ഒന്ന് വഴുതി..വീഴാതിരിക്കാന്‍  പിടിച്ചത് അടുത്ത റൂമിന്റെ ജനല്‍കമ്പിയില്‍  ..ഓ ഭാഗ്യം ആ ജനാല തുറന്നാണ് കിടന്നിരുന്നത്..നേരെ ചാടി ഉള്ളില്‍ കയറി...അത് ശരിക്കും സിക്ക് റൂം ആണ്..അസുഖം ഉള്ള കുട്ടികള്‍ക്ക് റസ്റ്റ്‌ എടുക്കാനും, വിശ്രമിക്കാനും ഉള്ള സ്ഥലം..ഞാന്‍ നേരെ ആ മുറി തുറന്നു എന്റെ റൂമിന്റെ വാതിലില്‍ പൊയ് നോക്കി..അകത്തു ലൈറ്റ് ഇട്ടിട്ടുണ്ട്..എന്തൊകെയോ ശബ്ദത്തില്‍ സംസാരിക്കുന്നുന്മുണ്ട്..ഇനി കേറി ചെന്ന് അലംബാക്കണ്ട എന്ന്കരുതി മാനംമര്യാദക്ക് സിക്ക് റൂമില്‍ പോയി കിടന്നുറങ്ങി.. (അല്ലേല്‍, ലവളുമാരെങ്ങാനും അത് ഞാന്‍ ആയിരുന്നു എന്നറിഞ്ഞാല്‍ എന്റെ പണി അന്ന് അവിടെ തീരും.).

അങ്ങിനെ ഡിസംബര്‍ ഒന്ന് പ്രഭാതം പൊട്ടി വിടര്‍ന്നു..രാവിലെ മെസില്‍ ഫുഡ്‌ എടുക്കാന്‍ ചെന്നപോള്‍ , കോളേജില്‍..എല്ലായിടത്തും ഒരേ ചര്‍ച്ചാ വിഷയം..ജനാലക്കല്‍ പ്രേതം , ചുവന്ന നാക്കും..തീ പാറുന്ന കണ്ണുകളും..അഴിച്ചിട്ട മുടിയും ..ഹഹഹഹ  ചിരിച്ചു , ചിരിച്ചു  ബാത്ത് റൂമിന്‍ വീണു കിടന്നു ചിരിച്ചു പോയി....കാരണം ബാത്ത് റൂമിലല്ലേ ചിരിക്കാന്‍ പറ്റു..ആരേലും അറിഞ്ഞാല്‍ കഥ തീര്‍ന്നു.. കോളേജു മുഴുവന്‍ ഇതായിരുന്നു സംസാരം..ലേഡീസ് ഹോസ്റ്റലിലെ പ്രേതം..ചില മാതാപിതാക്കളും വിളിച്ചു കുട്ടികള്‍ടെ സുരക്ഷയെപ്പറ്റി ആശങ്ക അറിയിച്ചപോള്‍ ചെയര്‍മാന് എമെര്‍ജെന്‍സി മീറ്റിംഗ് വിളിക്കാതിരിക്കാന്‍ പറ്റിയില്ല..സ്പെഷ്യല്‍ ചോദ്യം ചെയ്യല്‍ , ഞങ്ങളുടെ മണിപ്പൂരികളെയും എന്നെയും ആയിരുന്നു..മുന്‍പ് തീരുമനിച്ചുറപ്പിച്ചപോലെ ഞാന്‍ മറുപടി കൊടുത്തു. കുറച്ചു എക്സ്ട്രാ ജോലി ഉണ്ടാര്‍ന്നു..അത് ചെയ്യാന്‍ കോമണ്‍ റൂമില്‍ ഇരുന്നു കുറച്ചു സമയം...അതിനു വാര്‍ഡനും  സാക്ഷി..മടങ്ങി വന്നപോ ഇവര് ഉറങ്ങി എന്ന് തോന്നി..അതുകൊണ്ട് സിക്ക് റൂമില്‍ കിടന്നുറങ്ങി..എന്ന് മാത്രമല്ല..ഉറക്കത്ത്ല്‍ ഒന്നും അറിഞ്ഞില്ല എന്ന് കൂടി വച്ച് കാച്ചി( അനാട്ടമി ലാബിന്റെ കാര്യം അങ്ങിനെ ആരോരുമറിയാതെ വിഴുങ്ങപ്പെട്ടു, അവിടെ പോയ കാര്യം ആരോടും പറഞ്ഞേക്കരുത് എന്ന് തലേന്ന് കൂടെ ഉണ്ടാര്‍ന്ന കുട്ടികളോടെ നേരത്തെ പറഞ്ഞു സമ്മതിപ്പിച്ചിരുന്നു,, നമ്മള്‍ അനാട്ടമി ലാബ്‌ തുറന്നതുകൊണ്ടു പ്രേതം വന്നു എന്നൊക്കെ ഇനി ആരെങ്കിലും പറയണ്ട എന്നാണ് അവരോടു കാരണം പറഞ്ഞത്..പേടി കൊണ്ടാവും പാവങ്ങള്‍ ഒന്നും തിരിച്ചു പറഞ്ഞില്ല.)..ഹഹ്ഹ അല്ലെങ്കിലും രാത്രി ജനാല വഴി ഒരു സഞ്ചാരം ആരും ഈ പഞ്ചപാവത്തില്‍ .നിന്ന് പ്രതീക്ഷിക്കില്ലല്ലോ...

എല്ലാറ്റിലും രസം..സെക്യൂരിട്ടി മീശയണ്ണന്റെ മൊഴിയെടുപ്പായിരുന്നു..ആളുടെ വിവരണം കേട്ട് ഞാന്‍ അറിയാതെ എന്റെ കാലിലേക്ക് ഒന്ന് നോക്കിപ്പോയി.... മണിപ്പൂരികളുടെ കരച്ചില്‍ കേട്ട് അയാള്‍ മേലേക്ക് നോക്കിയപ്പോള്‍ നാലാം നിലയില്‍ ജനാലക്കു സമീപംഒരു സ്ത്രീ രൂപത്തെ കണ്ടുവെന്നും..അതിന്റെ കാലുകള്‍ നിലത്തു മുട്ടാതെ അന്തരീക്ഷത്തില്‍ ആയിരുന്നു എന്നൊക്കെയാണ് ചേട്ടന്‍ പുളൂസ് അടിച്ചു വിടുന്നത് ..
പാവം ചെയര്‍മാന്‍ എല്ലാം കൂടെകേട്ട് എന്ത് വേണം എന്നറിയാത്ത കണ്ടീഷനിലായി ..

ഒടുവില്‍  പോലീസില്‍ അറിയിക്കാം എന്ന് ആരോ  പറഞ്ഞപോള്‍ ഞാന്‍ അറിയാതെ ഒന്ന് വിയര്‍ത്തു..എന്റെ വേളാങ്കണ്ണി മാതാവേ എന്ന് അറിയാതെ മനസ്സില്‍ വിളിച്ചു പോയി....വേളാങ്കണ്ണി മാതാവ് വിളിച്ചാല്‍ വിളിപ്പുറത്ത് ആയതു കൊണ്ട് പ്രിസിപ്പലമ്മച്ചിയെ കൊണ്ട്  അതിനു തടയിടുവിച്ചു, അതുകൊണ്ട് എന്റെ മാനം കപ്പലു കേറിയില്ല എന്നും സസന്തോഷം അറിയിക്കട്ടെ. .കോളേജിന്റെ അഭിമാന പ്രശ്നം ആയതുകൊണ്ട് ഇനി ഒരു തവണ സാക്ഷാല്‍ പ്രേതം വരും വരെ വെയിറ്റ് ചെയ്യാം എന്ന തീരുമാനം ഐക്യത്തോടെ അന്ഗീകരിക്കപ്പെട്ടു...എന്റെ മണിപ്പൂരികള്‍ സ്ടാഫ്‌ മീറ്റിംഗ് കഴിഞ്ഞു നേരെ അമ്പലങ്ങളിലേക്കു വെച്ച് പിടിച്പ്പിച്ചു..പ്രിന്‍സിപ്പല്‍  കന്യാസ്ത്രിയും വേറെ കുറെ കന്യാസ്ത്രീകളും കൂടി ഒരച്ചനെ കൊണ്ട് വന്നു പ്രാര്‍തിപ്പിച്ചു എല്ലാ മുറികളിലും ഹന്നാന്‍ വെള്ളം തളിപ്പിച്ചു.. വൈകുന്നേരം കുറെ ചരടും..ഭസ്മവും ഒക്കെയായി മണിപ്പൂരികള്‍ തിരിച്ചെത്തി..കയ്യിലും, കഴുത്തിലും ഒക്കെയായി എട്ടു,പത്തു ചരടുകള്‍ ജപിച്ചു കെട്ടി പൂജയും പ്രാര്‍ഥനയും ഒക്കെ കഴിഞ്ഞാണ് പാവങ്ങള്‍ കിടന്നത്..ലൈറ്റ് കെടുത്തിയതും ഒരുവള്‍ വീണ്ടും പേടിച്ചു കരച്ചില്‍..ചുരുക്കത്തില്‍ ഒരു രണ്ടു ആഴ്ചത്തേക്ക് റൂമില്‍ ലൈറ്റ് ട്ടു കിടന്നുറങ്ങേണ്ട അവസ്ഥ ആയിരുന്നു..പ്പോഴും അവിടുത്തെ കുട്ടികള്‍ ഭീതിയുടെ മുള്‍മുനയില്‍ ആണ്..ഏതു നേരവും ജനാലക്കല്‍ പ്രത്യക്ഷപ്പെടവുന്ന , കാലില്ലാത്ത , ചുവന്ന നാക്കും, തീ പാറുന്ന കണ്ണുകളും ഉള്ള പ്രേതത്തെയും പേടിച്ചു...!!

Sunday, April 17, 2011

വലിയ ആഴ്ചയിലൂടെ


ഓശാന പെരുന്നാള്‍ നമ്മെ കടന്നു പോകുന്നു.
വലിയ  ആഴ്ചയിലേക്ക് നാം കാലൂന്നിക്കഴിഞ്ഞിരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളോടു  നമ്മുടെ ജീവിത ക്ലേശങ്ങളും ചേര്‍ത്തുവച്ച് വലിയ നോമ്പ് അനുഷ്ട്ടിച്ചു ഒരുങ്ങി കാത്തിരിക്കുന്ന  വലിയ ആഴ്ച. വിശ്വാസ രഹസ്യങ്ങളിലൂടെ വീണ്ടും ജീവിക്കാനുള്ള അവസരം. ആണ്ടു കുമ്പസാരം നിര്‍ബന്ധമായും ചെയ്യേണ്ട സമയം. ക്രൈസ്തവ ജീവിതത്തിലെ അതി പ്രധാന ആഴ്ച  എന്നു തന്നെ  പറയാം.
ഓശാന പെരുന്നാള്‍

ഓശാനയിലൂടെ വലിയ ആഴ്ച ആചരണത്തിലേക്ക്  നാം പ്രവേശിക്കുന്നു. രാജാധിരാജന്‍ എഴുന്നള്ളിയപ്പോള്‍ സ്ത്രീകള്‍ നിലത്തു വസ്ത്രങ്ങള്‍ വിരിച്ചും , ഒലിവ് മരച്ചില്ലകള്‍ വീശിയും ആഹ്ലാദത്തോടെ അവിടുത്തെ വരവേറ്റു എന്നാണ് ബൈബിള്‍ പറയുന്നത്. ക്രിസ്തുവിന്റെ ജറുസലേം പ്രവേശനം  അനുസ്മരിച്ചു  പള്ളികളില്‍ പ്രത്യേകം പ്രാര്‍ഥനകളും ,കുരുത്തോല വിതരണവും നടക്കുന്നു.
എന്റെ ഓര്‍മ്മകളില്‍ ഒശാനയ്ക്കുള്ളപ്രത്യേക പരികര്‍മ്മങ്ങള്‍ അച്ചന്‍ പള്ളിയുടെ പുറത്തുള്ള ഹാളിലാണ് ചെയ്യുക. ഓല വിതരണവും അവിടെ തന്നെ. പിന്നെ അവിടുന്ന് ഓലയും കൈകളിലേന്തി പ്രദക്ഷിണമായി പള്ളിയിലേക്ക് .അടച്ചിരിക്കുന്ന വാതിലില്‍ കുരിശു കൊണ്ട് മുട്ടി തുറന്നു എല്ലാവരും അകത്തേക്ക്.. പിന്നെ ദിവ്യബലിയും  കാര്യങ്ങളും.
സാധിക്കുന്നവര്‍ ഈ ആഴ്ച മുഴുവന്‍ പള്ളിയില്‍ എത്താന്‍ ശ്രമിക്കണം എന്നതാണ്.
പ്രത്യേകിച്ച് പെസഹാ വ്യാഴം ,ദുഃഖ വെള്ളി , ദുഃഖ ശനി, ഈസ്റെര്‍ ദിവസങ്ങളില്‍. ആണ്ടു കുമ്പസാരം നിശ്ചയമായും ചെയ്തിരിക്കണം എന്നുള്ളതിനാല്‍ കുമ്പസാരിക്കാനുള്ള ക്രമീകരണങ്ങളും ഈ സമയങ്ങളില്‍ പള്ളികളില്‍ ഉണ്ടാവും.

 പെസഹാ വ്യാഴം 

 പെസഹാ വ്യാഴം മുതല്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ ഉണ്ടാവും. പകല്‍ സമയം ആരാധനയും വൈകീട്ട് അപ്പം മുറിക്കലും. 
ഓശാന ഞായറാഴ്ച പള്ളികളില്‍ നിന്ന് ലഭിക്കുന്ന ഓല മുറിച്ചു കുരിശാകൃതിയില്‍ ആക്കി അപ്പത്തിന്റെ മുകളില്‍ വെച്ച് വേവിചെടുത്താണ് കുരിശപ്പം തയ്യാറാക്കുന്നത്. അരിപ്പൊടി, വെളുത്തുള്ളി, ജീരകം, തേങ്ങ എല്ലാം ചേര്‍ത്തു കുഴച്ചു ഇലയില്‍ പരത്തി ആവിയില്‍ പുഴുങ്ങിയെടുക്കുന്നു. ഭക്തി നിര്‍ഭരമായ ഒരു അന്തരീക്ഷത്തിലാവും ഇവയെല്ലാം ചെയ്യുക. ഞാനോര്‍ക്കുന്നു കുട്ടികളെ ആരെയും അടുക്കള ഭാഗത്തേക്ക് കയറ്റില്ലായിരുന്നു ഇവ ഉണ്ടാക്കുമ്പോള്‍. ഗൃഹ നാഥന്‍ വേണം കുരിശപ്പം ഇലയില്‍ പരത്താന്‍ എന്നൊരു രീതിയും ചിലയിടങ്ങളില്‍ ഉള്ളതായി കേട്ടിട്ടുണ്ട്. കുരിശപ്പത്തിനു പുറമേ  ധാരാളം ഇന്റി അപ്പങ്ങളുമുണ്ടാവും അകമ്പടി. ഇവയുടെ കൂട്ട് ഒന്ന് തന്നെ , കുരിശപ്പം ഒരു വീട്ടിലേക്കു ഒന്ന് മാത്രം ഉണ്ടാക്കുന്നു എന്നവ്യത്യാസം. മധുരമുള്ള വട്ടയപ്പവും കൂട്ടിനുണ്ടാവും..അടുക്കളകളില്‍ തേങ്ങാ ചിരവലുകളുടെയും , അപ്പം കുഴക്കലുകളുടെയും ബഹളം ആയിരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ മരണം നടന്നിട്ടുള്ള വീടാണെങ്കില്‍ ആ വര്ഷം അവിടെ അപ്പം ഉണ്ടാക്കാറില്ല. അവര്‍ക്കായി അയലവക്കക്കാര്‍  തയ്യാറാക്കി എത്തിക്കും . അയല്‍വക്കങ്ങളില്‍ ഉള്ള അക്രൈസ്തവര്‍ക്കും അപ്പങ്ങളുടെ ഒരു പങ്കു എത്തിയിരിക്കും. മിച്ചമുള്ള ഇന്റി അപ്പങ്ങള്‍ അരിഞ്ഞു മുറത്തില്‍ വെച്ചുണക്കി സൂക്ഷിക്കുന്ന പതിവും ഉണ്ട്.

 പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പള്ളിയില്‍ പുരോഹിതന്റെ നേതൃത്ത്വത്തില്‍ അപ്പം മുറിക്കല്‍ ചടങ്ങിനു തുടക്കം കുറിക്കുന്നു.  ഇതു കൂടാതെ വീടുകളിലും അപ്പം മുറിക്കല്‍ ചടങ്ങുകള്‍ ഉണ്ട്.
വൈകുന്നേരം ഗൃഹ നാഥന്‍ ബൈബിള്‍ വായിച്ചു പ്രാര്‍ത്ഥന ചൊല്ലി അപ്പം മുറിച്ചു കുടുംബാങ്ങള്‍ക്കും ,സ്നേഹിതര്‍ക്കും നല്‍കുന്നു . കൂടെ ശര്‍ക്കര ചേര്‍ത്തുണ്ടാക്കിയ പാലും. ഈശോയുടെ തിരുവത്താഴത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങ്. എല്ലാ നല്ല അയല്‍വാസികളും അങ്ങോട്ടുമിങ്ങോട്ടും പോയി ഈ ചടങ്ങില്‍ സംബന്ധിക്കുന്നു. ഈ ദിവസത്തിന്റെ മറ്റൊരു പ്രത്യേകതയാണ് പാന വായന .  കാരണവന്മാര്‍ നേരം വെളുക്കുവോളം ഈ പ്രാര്‍ത്ഥന ഈണത്തില്‍, ഉച്ചത്തില്‍ ചൊല്ലും. 
ദുഃഖ വെള്ളി

ദുഃഖ വെള്ളിയാഴ്ച  പള്ളിയില്‍ തിരുക്കര്മങ്ങള്‍ ഏറെയുണ്ട്.  പീഡാനുഭവ വായന മുഖ്യം. എല്ലാറ്റിനും ശേഷം ക്രൂശിതന്റെ തിരുശരീരം ചുംബിക്കാനും അവസരം ഉണ്ടായിരിക്കും. ഈശോയ്ക്കു മരണ സമയത്ത് ദാഹ ജലത്തിന് പകരം കയ്പ്നീര്‍ കൊടുത്തതനുസ്മരിച്ചു കയ്പ് നീര്‍ വിതരണവും ഉണ്ടാവും തിരുക്കര്മങ്ങള്‍ അവസാനിക്കുമ്പോള്‍.
മിക്കവാറും ഉച്ചക്ക് ശേഷമാവും " കുരിശിന്റെ വഴി ". ഈശോയുടെ പീഡാനുഭാവങ്ങളെ അനുസ്മരിച്ചു , പ്രാര്‍ഥിച്ചു പാപങ്ങള്‍ക്ക്‌ മാപ്പപേക്ഷിച്ചു പ്രാര്‍ഥനകളും ഗീതകങ്ങളുമായി പതിനാലു സ്ഥലങ്ങളിലൂടെ മുട്ട് കുത്തി പ്രാര്‍ഥിച്ചു ഒരു പാപ പരിഹാര യാത്ര. 
കുട്ടികള്‍, വൃദ്ധര്‍ മറ്റു ശാരീരിരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ എന്നിവരൊഴികെ എല്ലാ ക്രൈസ്തവരും അന്ന് ഒരു നേരം മാത്രം ഭക്ഷണം കഴിക്കാവൂ എന്നാണ്.
ദുഃഖ ശനി

ദുഃഖ ശനിയാഴ്ച ശാന്തമായ ഒരു ദിവസമാണ്. പള്ളികളില്‍ പുത്തന്‍ വെള്ളം വെഞ്ചിരിക്കുന്ന  ദിവസം. ഈ വെള്ളം കുപ്പികളില്‍ ശേഖരിച്ചു വിശ്വാസികള്‍ വീടുകളിലേക്ക് കൊണ്ട് പോകുന്നു. സര്‍വ വിപത്തുകളില്‍ നിന്നും, രോഗങ്ങളില്‍ നിന്നും  ആശിര്‍വദിച്ച ഈ വെള്ളം കുടുംബാങ്ങങ്ങളെ കാത്തു കൊള്ളും എന്നാണ് വിശ്വാസം. 
ഈസ്റ്റര്‍ ഞായര്‍ 
 
ദുഃഖ ശനി സന്ധ്യയാകുന്നതോടെ ഈസ്റ്ററിന്റെ ഒരുക്കങ്ങള്‍ തുടങ്ങുകയായി. രാത്രി കുര്‍ബാനയ്ക്ക്  പ്രാര്‍ഥനകളോടെ നാഥന്റെ ഉയര്പ്പിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒന്നടങ്കം പള്ളികളില്‍ എത്തുന്നു. ദിവ്യബലിയില്‍ പങ്കു ചേര്‍ന്ന്, കുര്‍ബാന സ്വീകരിച്ചു , ഉയിര്കപ്പെട്ട ഈശോയുടെ സ്വരൂപം വണങ്ങി സന്തോഷചിത്തരായി വീടുകളിലേക്ക് മടങ്ങുന്നു. 
പിന്നെ നോമ്പ് വീടലിന്റെ ആഘോഷങ്ങള്‍..!!
വിശ്വാസത്തിന്റെ രഹസ്യങ്ങളെ ഓരോ ക്രൈസ്തവനും പൂര്‍ണ ബോധ്യത്തോടെ അനുസ്മരിക്കുകയും , വിശ്വാസങ്ങളോട് ഐക്യം പ്രഖ്യാപിക്കുകയും ചെയ്യട്ടെ  എന്നു പ്രാര്‍ഥിക്കുന്നു.
ഈ നോമ്പും, വലിയ ആഴ്ചയും എല്ലാവര്‍ക്കും നല്ല ഒരനുഭവമായി തീരട്ടെ എന്നും ,വിശ്വാസത്തിലടിയുറച്ച ഒരു നല്ല ജീവിതം നയിക്കാനുള്ള ശക്തി എല്ലാ വിശ്വാസികള്‍ക്കും തമ്പുരാന്‍ നല്‍കട്ടെ എന്നും ആശംസിക്കുന്നു.


 


 


Saturday, April 2, 2011

ഒരു യാത്ര


ട്രെയിന്‍ യാത്രകള്‍ വിരസങ്ങളെങ്കിലും ചിലപ്പോള്‍ അവ മായാത്ത ചില ഓര്‍മ്മകളാവാറുണ്ട്. അന്നും, ഞാന്‍ ട്രെയിന്‍ വിടാറായപ്പോഴേക്ക് ഓടി വന്നു കയറുകയായിരുന്നു. ഭാഗ്യം,തിരക്കില്ല. സീറ്റ് കിട്ടി. എനിക്കെതിരായ സീറ്റില്‍  ഒരു പെണ്‍കുട്ടിയും, എന്റെ അതേ സീറ്റില്‍ ഒരു മനുഷ്യനും മാത്രം.   ജനാലയ്ക്കലിരുന്നു പൂക്കള്‍ തുന്നുന്ന പെണ്‍കുട്ടി 1985 ലെ സിനിമകളില്‍ നിന്ന് പറിച്ചു നടപ്പെട്ടവളെപ്പോലെ തോന്നിച്ചു..!!മെലിഞ്ഞു വെളുത്തു കൊലുന്നനെയുള്ള രൂപം..കഷ്ടിച്ച് ,ഒരു ഇരുപതു വയസ്സ് പ്രായം. ആര്‍ദ്രമായ കണ്ണുകളില്‍  ശൂന്യത പോലൊന്ന് തളംകെട്ടി നില്‍ക്കുന്നുവോ എന്നൊരു സംശയം. അതീവ സുന്ദരി എന്ന് പറഞ്ഞു കൂടെങ്കിലും അഴകുള്ളവള്‍ എന്ന് ഞാന്‍ നിസ്സംശയം ഉറപ്പിച്ചു .മുഖത്തൊരു ക്ഷീണം തളംകെട്ടി നില്‍ക്കുന്നുണ്ട്. യാത്രായുടെതാവം...!! തലയിലൂടെ ചുരിദാറിന്റെ ഷാള് പുതചിരിക്കുന്നത്നാല്‍ ആ കാര്കൂന്തലഴക് കാണുവാന്‍ സാധിക്കുന്നില്ല.. !! ക്ഷണിക പ്രണയം പോലൊന്ന് എനിക്കവളോട് തോന്നിയോ എന്നൊരു സംശയം..!! ഞാന്‍ കണ്ണിമയ്ക്കാതെ അവളെ തന്നെ നോക്കി ഇരുന്നു...
അവളോടോപ്പമുണ്ടായിരുന്ന പ്രായമായ ആള്‍ അവളുടെ അച്ഛനാവനം, ഉറക്കത്തിലായിരുന്നത് എന്റെ ഭാഗ്യം...!!

നീലയില്‍ വെള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ആ സിന്തറ്റിക് സല്‍വാര്‍ അവള്‍ക്കു നന്നേ ഇണങ്ങുന്നുന്ടെങ്കിലും, മഞ്ഞ നിറമായിരിക്കും അവള്‍ക്കെ കൂടുതല്‍ ഇണങ്ങുക..ഞാന്‍ മനസ്സില്‍ അവളെ സങ്കല്‍പ്പിച്ചു നോക്കി. മഞ്ഞ ചുരിദാറണിഞ്ഞു അവള്‍. അതി സുന്ദരം...!!അവളെന്ന  നായികയും ,ഞാനെന്ന നായകനും ചേര്‍ന്ന്  അഭിനയിച്ചു തകര്‍ക്കുന്നത് കിനാവ്‌കണ്ടു ഞാന്‍ അവളെ ഇടക്കിടെ നോക്കും..ഈ ജീവിത ലക്‌ഷ്യം തുന്നല്‍ എന്ന മട്ടിലാണ് അവളുടെ ഇരിപ്പ്...വെളുത്ത തൂവാലയില്‍ എന്താണാവോ അവള്‍ തുന്നുന്നത്.. പൂക്കളാവം ,പൂമ്പാറ്റകളാവം ..ഇനിയൊരു പക്ഷെ, അതിലെന്റെ പേരാണെങ്കിലോ...ശ്ശെ എന്തൊരു മണ്ടത്തരം ..എന്നെ അറിയുക പോലുമില്ലാത്ത ഒരു കുട്ടിയെങ്ങിനെ..അടുത്ത നിമിഷം ഞാന്‍ സ്വയം തിരുത്തി..ഞങ്ങള്‍ ഇനി പരസ്പരം  അറിയേണ്ടവരല്ലേ...!!എന്റെ ചുണ്ടുകളില്‍ ഒരു ചിരി മിന്നി മാഞ്ഞുവോ...??

വണ്ടി ഓടിത്തുടങ്ങിയിട്ടു മണിക്കൂര്‍ രണ്ടു കഴിഞ്ഞിരിക്കുന്നു.  ഇതു വരെ ഒന്ന് പേര് പോലും അറിയാന്‍ സാധിച്ചില്ല. അടുത്തതായി ഒന്ന് പരിചയപ്പെടാം എന്ന തീരുമാനത്തിലെത്തി...!!ഇതിനോടകം അവളുടെ അച്ഛനും ഉറക്കം മതിയാക്കി എണീറ്റിരുന്നു.. വളരെ സൌമ്യതയോടും ,അതിലേറെ ബഹുമാനത്തോടും ഞാന്‍ തുടങ്ങി വച്ച് എവിടെക്കാ...?  എന്റെ ശബ്ദ മാധുരി കേട്ടാവണം അവള്‍ തയ്യല്‍ മതിയാക്കി കണ്ണുയര്‍ത്തി നോക്കി  , ഞാന്‍ ശ്രദ്ധിച്ചതായി ഭാവിച്ചില്ല .അദ്ദേഹം ഒരു നിമിഷം എന്നെയൊന്നു  നോക്കിയ  ശേഷം പോവേണ്ട സ്ഥലം പറഞ്ഞു. ഉപചാര രൂപേണ ഏതാനും ചില വാക്കുകള്‍ കൂടി ഞങ്ങള്‍ സംസാരിച്ചു... പെണ്‍കുട്ടി വീണ്ടും തുന്നലിലേക്ക് മടങ്ങുന്നത് ഞാന്‍ ഇടങ്കണ്ണുകളിലൂടെ  കണ്ടു... ഇനി വൈകി  കൂടാ..ഞാന്‍ എന്റെ ചോദ്യ ശരം എറിഞ്ഞു ..ഇതു മോളായിരിക്കും അല്ലെ. അതെയെന്ന അര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി ..അയാള്‍   പുറത്തേക്ക് നോക്കി മറുപടി പറഞ്ഞതിനാല്‍  ഞാന്‍ ചോദിച്ചത് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന്കൂടി  എനിക്ക് മനസിലാക്കാനായില്ല..വീണ്ടുമൊരു ചോദ്യത്തിന് വട്ടം കൂട്ടുമ്പോഴെക്കും അയാളുടെ കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ ചിലച്ചു... ഫോണിലൂടെ മറുപടിയായി പറഞ്ഞ  വാചകങ്ങള്‍ എന്നെ കുഴപ്പത്തിലാക്കി.. ഇല്ല കുഴപ്പമില്ല... ഇനി മൂന്നു മാസം കഴിഞ്ഞു ചെന്നാല്‍ മതിയെന്നാണ് പറഞ്ഞത്. ചിലപ്പോള്‍ അവളെ എവിടെയെങ്കിലും പഠിക്കാന്‍ ചേര്‍ക്കാന്‍ കൊണ്ട് പോയതാവണം . ഞാന്‍ മനസില്‍ കണക്കു കൂട്ടി.. 

ഫോണ്‍ വെച്ചയാള്‍  കണ്ണുനീര്‍  തുടക്കുന്നത് കണ്ടു...എന്തോ എനിക്കൊരു വല്ലായ്മ തോന്നി... പിന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല.. എന്റെ അനേകം ട്രെയിന്‍ യാത്രകളിലെ നൈമിഷിക പ്രണയങ്ങളിലെപ്പോലെ , (സോറി ഭ്രമം എന്നോ ,ആകര്‍ഷണം എന്ന വാക്കുകളാവും ഉചിതം...)ഇവളും ഒരു സ്റ്റേഷനില്‍  ഇറങ്ങി അപ്രത്യക്ഷയാവും... അല്ല..അവള്‍ മുഖമൊന്നു കൂടി ഉയര്‍ത്തിയിരുന്നെങ്കില്‍.. അങ്ങിനെ ഓരോന്ന് ചിന്തിച്ചു ചിന്തിച്ചു സ്വയം കുറ്റപ്പെടുത്തി, പരിഹസിച്ചു എന്റെ യാത്ര തുടര്‍ന്ന്... ഏതോ ഒരു സ്റ്റേഷന്‍ എത്തിയപ്പോള്‍ വൃദ്ധന്‍ തിടുക്കപ്പെട്ടു മകളെ വിളിച്ചു ഇറങ്ങാന്‍ ഭാവിച്ചു.. എഴുന്നേല്‍ക്കുമ്പോളെങ്കിലും  അവളെ ഒരു നോക്ക് നന്നായി കാണാം എന്ന പ്രതീക്ഷയില്‍  ഞാനും ഇരുന്നു. മുകളില്‍ വച്ചിരുന്ന ചെറിയ ട്രാവല്‍ ബാഗ്‌ കൈ എത്തിചെടുക്കുമ്പോള്‍ ഒരു ചെറിയ ഫയല്‍ താഴേക്കു വീണു..അതിനു മുകളില്‍ എഴുതിയിരുന്ന അക്ഷരങ്ങളെ ഞാന്‍ പേടിയോടെ വായിച്ചു "റീജിയണല്‍ ക്യാന്‍സര്‍ സെന്റെര്"‍, ചിതറി വീണ പേപ്പറുകളിലോക്കെ 'കീമോ' എന്ന തലക്കെട്ടുകള്‍..അവളുടെ അച്ഛന് കീമോ തെറാപ്പി കഴിഞ്ഞു മടങ്ങുകയാവുമോ..??എനിക്കൊന്നും ആലോചിചെടുക്കാന്‍ കഴിയും മുന്‍പേ അവര്‍ എല്ലാം പെറുക്കിയെടുത്തു തിടുക്കപ്പെട്ടു പുറത്തേക്കിറങ്ങി.

ജനാലയിലൂടെ ഞാന്‍ ഇപ്പോഴും അവരെ നോക്കുകയാണ്.. കാറ്റില്‍ അവളുടെ തലയിലൂടെ പുതച്ചിരുന്ന ഷാള്‍ ഊര്‍ന്നു തോളത്തേക്ക് വീണു....എന്റെ കണ്ണുകളെ ..ഇതെത്ര ക്രൂരം .....!!! അവളുടെ തലയില്‍ ഒരു കറുത്ത തുണി... അതിനു മേലേക്ക് ഷാള്‍ വലിച്ചിടുന്ന ധൃതിയില്‍  അവള്‍ പാളിയെന്നെയോന്നു നോക്കി.. അവളുടെ കണ്ണുകളിലെ വേദന ഞാന്‍ വായിച്ചറിഞ്ഞു... എന്റെ കണ്ണുകളും നിറഞ്ഞു തുടങ്ങി..ഞാന്‍ മുഖം തിരിച്ചു കളഞ്ഞു.. വണ്ടി ചൂളം വിളിച്ചു.. . ഇപ്പോള്‍ അവളിരുന്ന സീറ്റ് ശൂന്യം. പൊടുന്നനെ, ഞാന്‍ അത് ശ്രദ്ധിച്ചു..സീറ്റിനടിയിലായി അവള്‍ തയിച്ചു കൊണ്ടിരുന്ന തൂവാല വീണു കിടക്കുന്നു . ഇറങ്ങാനുള്ള തിരക്കിനിടയില്‍ അറിയാതെ വീണതാവണം.

ഞാനത് കയ്യിലെടുത്തു..' ഗോഡ് ഈസ്‌ ലവ്'  എന്നതാണ് അവള്‍ തുന്നിക്കൊണ്ടിരുന്നത് ലവ് എന്നത് മുഴുവനായി തുന്നി തീര്‍ത്തിട്ടില്ല ...  പോക്കറ്റില്‍ നിന്ന് പേനയെടുത്ത് ആ വാചകം മുഴുമിപ്പിച്ചു.  താഴെ "ട്രൂ " എന്ന് കൂടി എഴുതി ചേര്‍ത്തു. ഏതോ ഉള്‍വിളി എന്ന പോലെ പൊടുന്നനെ ഞാന്‍ ഓടി പുറത്തിറങ്ങി.. അവളും, അച്ഛനും ഏറെ അകലെയല്ല.. ഞാന്‍ അവരുടെ അടുത്തേക്ക്‌ ഓടിയെത്തി.. ..എന്നെക്കണ്ടിട്ടാവണം അവരുടെ കണ്ണുകളില്‍ വല്ലാതെ ഒരു അമ്പരപ്പ്..ചോദ്യ രൂപേണ നില്‍ക്കുന്ന അവരെ നോക്കി ഞാന്‍ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് ആ തൂവാല ആ പെണ്‍കുട്ടിയെ ഏല്പിച്ചു.. എന്നിട്ട് , ഒരു നിമിഷവും വൈകാതെ നീങ്ങിത്തുടങ്ങിയ ട്രെയിന്‍ ലക്ഷ്യമാക്കി ഓടി.. ട്രെയിനില്‍ കയറി അവരുടെ നേരെ കൈകള്‍ വീശുമ്പോള്‍ അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു, അപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നുവോ ആവോ .. !!
..ഞാനും ചിരിച്ചു ...എന്തെന്നറിയാതെ ആ വൃദ്ധനും പുഞ്ചിരിക്കയായിരുന്നു..!!


Wednesday, March 2, 2011

ചിന്തകള്‍.: അവനവനെ സ്നേഹിക്കൂ"The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep."

മഹാനായ ആംഗലേയ കവി റോബര്‍ട്ട് ഫ്രോസ്റ്റ് ന്റെ " സ്റ്റൊപ്പിംഗ് ബൈ വുഡ്സ്  ഓണ്‍ എ സ്നോയി ഇവെനിംഗ് " എന്നാ കവിതയിലെ ശ്രദ്ധേയമായ വരികളാണിവ...
 കവി വളരെ മനോഹരമായ ഒരു പ്രദേശത്ത് എത്തിച്ചേരുന്നു യാത്ര മദ്ധ്യേ...അവിടെ ഏറെ നേരം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും കടമകളോടുള്ള ഉത്തമ ബോധ്യം കൊണ്ട് യാത്ര തുടരാന്‍ നിശ്ചയിക്കുന്നതാണ്  പ്രമേയം..
മനോഹരങ്ങളായ പച്ചില തണലുകള്‍ കാണണമെന്നും, മതി വരുവോളം അവയുടെ ഭംഗി ആസ്വദിക്കണമെന്നും ഏവരും  ആഗ്രഹിക്കും.. എന്നിരുന്നാലും ,നമ്മുടെ ജീവിത ലക്ഷ്യങ്ങള്‍ ഏറെ അകലെയാണ്, ആ യാത്രയില്‍ നമുക്കേറെ സമയം നഷ്ടപ്പെടുത്തുവാനില്ലാത്തത് കൊണ്ട്  നമുക്ക് യാത്ര തുടര്‍ന്നേ മതിയാവൂ..
പത്താം ക്ലാസില്‍ അല്ലി ടീച്ചറിന്റെ മനോഹരമായ ഇന്ഗ്ലീഷ് ക്ലാസുകളിലെപ്പോഴോ ഇതു മനസിന്റെ ഉള്ത്തളങ്ങളില്‍ കയറിപ്പറ്റി..ഈ പോയം എല്ലാരും ബൈ ഹാര്‍ട്ട് ചെയ്യണമെന്നും ആരും ഇതൊരിക്കലും മറക്കരുതെന്നും പാവം ടീച്ചര്‍ പറഞ്ഞിരുന്നു...അന്നൊന്നും അതിന്റെ പ്രായോഗികത ഒരു ശതമാനം പോലും ഞാന്‍ മനസിലാക്കിയിരുന്നില്ല .സത്യം.!! എന്ന് ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു..
എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയേറെ സ്നേഹിക്കുന്ന , ആദരിക്കുന്ന വേറെ വാക്കുകളില്ല..എന്റെ വഴികാട്ടിയാണിവ ...
അതെ ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും  തീരുമാനം എടുക്കാനാവാതെ  ഉഴറുമ്പോള്‍ ഈ വരികളിലൂടെ എന്റെ മനസ് പായും...
നഷ്ടമായ ആത്മ ധൈര്യം വീണ്ടെടുത്തു ഞാനും എന്റെ ലക്ഷ്യങ്ങളിലേക്ക് യാത്ര തുടരും..
 ഇതിനെ " പ്രാക്ടികല്‍ " ആയി ചിന്തിക്കുന്നു  എന്ന് അടച്ചാക്ഷേപിക്കാന്‍ പറ്റില്ല..ഇഷ്ടമുള്ള ഒരു കാര്യം ത്യജിച്ചു മുന്നോട്ടു പോകുന്നത് അത്ര സുഖകരമായ കാര്യവും അല്ല..എങ്കിലും കടമകളും, കടപ്പാടുകളും എന്നും ജീവിതത്തില്‍ പരമ പ്രധാനം തന്നെയാണ്....അത് പോലെ സ്വപ്നങ്ങളും, വിശ്വാസങ്ങളും ..!!കുഞ്ഞു ,കുഞ്ഞു ചിന്തകള്‍ പോലും നിസാരങ്ങളല്ല കൂട്ടുകാരെ , ചില സമയങ്ങളില്‍ അവ നല്‍കുന്ന ആത്മധൈര്യവും  ,പ്രചോദനവും വളരെ വലുതാണ്‌...!!നിങ്ങളുടെ മനസിനെയും, ചിന്താ ശേഷിയും ഒരിക്കലും വില കുറച്ചു കാണരുത്..!!

സ്വന്തം ജീവിതത്തെ സ്നേഹിക്കുക...(പക്ഷെ, അത് മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാന്‍ കൂടി ശ്രദ്ധിക്കണം..!! )അവനവനെ സ്നേഹിക്കുകയും, ആദരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്കെ ഈ സമൂഹത്തില്‍ മറ്റുള്ളവര്‍ക്കും അര്‍ഹമായ സ്നേഹവും, ആദരവും കൊടുക്കാന്‍ സാധിക്കൂ..
വിശ്വാസങ്ങളാണല്ലോ ജീവിതത്തിനു ആധാരം..ഈ വിശ്വാസങ്ങള്‍ നമ്മളെ പലപ്പോഴും പ്രശ്നങ്ങളില്‍ കൊണ്ട് ചെന്ന് ചാടിച്ചു എന്നിരിക്കാം, എങ്കിലും എല്ലാ ദുരിതങ്ങളും ,വേദനകളും പുഞ്ചിരിയോടെ സഹിക്കാന്‍ വിശ്വാസം നമുക്ക് കൂട്ടിനെത്തുന്നു..കാരണം വിശ്വാസം എന്നും പ്രതീക്ഷകള്‍ സമ്മാനിക്കുന്നു..പ്രതീക്ഷകളാണല്ലോ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്...

പോളോ കൊയിലോ പറയും പോലെ..ചോദിക്കുന്നവര്‍ക്ക് നല്‍കപ്പെടുകയും, വാതിലുകള്‍ തുറക്കപ്പെടുകയും, കരയുന്നവര്‍ ആശ്വസിക്കപ്പെടുകയും   ചെയ്യുന്ന ദിവസം വരും...ഭൂമിയെ സംബന്ധിച്ച് അത് ഇനിയുമാകലെയായിരിക്കാം..പക്ഷെ, നാമോരുരുത്തര്‍ക്കും അത് നാളെയുമാകാം...അതിനായി ചെയ്യേണ്ടത് ഇത്രമാത്രം...അന്ഗീകരിക്കുക...സ്വീകരിക്കുക..സ്വയം..അത് പോലെ മറ്റുള്ളവരെയും..സ്നേഹിക്കുക..സ്നേഹം സ്വീകരിക്കുക...
സ്വയം സ്നേഹിക്കുക ...സ്വന്തം ചിന്തകളെയും,സ്വപ്നങ്ങളെയും, ആദര്‍ശങ്ങളേയും...നമ്മുടെ തെറ്റുകുറ്റങ്ങളും, പോരായ്മകളും, അപകടരമായ ചിന്തകള്‍തന്‍ ആഴങ്ങളും, വൈരാഗ്യ ബുദ്ധിയും, നിരാശയും, ബലഹീനതകളും എല്ലാം നിസാരം...നിങ്ങള്‍ നിങ്ങളെത്തന്നെ സ്നേഹിക്കാന്‍ ആത്മാര്‍ത്തമായി ആഗ്രഹിക്കുന്നെങ്കില്‍ ,നിങ്ങള്ക്ക്  സ്വപ്നങ്ങളെ  തിരയാം... അവ തീര്‍ച്ചയായും  വഴി കാട്ടിയാവും.. നാമെല്ലാവരും സ്വര്‍ഗത്തു ചെല്ലണമെന്ന് ഒരു നിര്‍ബന്ധവുമില്ല..പക്ഷെ ,  എല്ലാ കുറവുകളും സ്വയം അംഗീകരിച്ചു കൊണ്ട് തന്നെ നാം സ്വയം സ്നേഹിക്കാനും ,മനസിലാക്കാനും ആരംഭിക്കുമ്പോള്‍ നാം  നമ്മുടെ ഹൃദയത്തിന്റെ വാതായനങ്ങള്‍  തുറന്നിടുകയാണ് ചെയ്യുന്നത്..സ്നേഹമെന്ന പൊന്‍ വെളിച്ചത്തിന് പ്രവേശിക്കാനായി..അത്ഭുദം നിങ്ങള്ക്ക് കാണാം ..ആ തൂ വെളിച്ചത്തില്‍  അപകര്‍ഷത , കുറ്റബോധം,നിരാശ എല്ലാം അലിഞ്ഞില്ലതാവുന്നത്...അങ്ങിനെ ഹൃദയമാകെ സ്നേഹത്തിന്റെ പ്രഭ നിറയുമ്പോള്‍ സ്നേഹത്തിന്റെ വെളിച്ചത്തില്‍ ഈ ലോകത്തെ നോക്കി കാണാം...ഒരു പുതു ചൈതന്യത്തോടെ....!!!

     സ്വപ്നം കാണുക, സ്നേഹിക്കുക...കടമകള്‍ മറക്കാതിരിക്കുക ..
ജീവിതം നിങ്ങള്ക്ക് എല്ലാവര്ക്കും നന്മകള്‍ മാത്രം നല്‍കട്ടെ..!! 

 (ഇങ്ങിനൊരു പോസ്റ്റ്‌ ഇടേണ്ട ആവശ്യം ഇല്ലെങ്കിലും..,വെറുതെ കുത്തിക്കുറിച്ചത്‌ കൊണ്ട് പോസ്റ്റ്‌ ചെയ്യുന്നു...ബോറടിച്ചെങ്കില്‍ ക്ഷമിക്കുക..).